07:54pm 18 September 2026
NEWS
മത്സ്യമേഖലയിൽ വനിതാ പങ്കാളിത്തം ശക്തമാക്കണം.
18/09/2026  02:59 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മത്സ്യമേഖലയിൽ വനിതാ പങ്കാളിത്തം ശക്തമാക്കണം.

 

ദേശീയ മത്സ്യത്തൊഴിലാളി വനിതാ സംഗമത്തിന് സിഫ്റ്റിൽ തുടക്കം

കൊച്ചി: ഐക്യരാഷ്ട്രസഭ 2026 അന്താരാഷ്ട്ര വനിതാ കർഷക വർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ, മത്സ്യമേഖലയിലെ വനിതകളുടെ സംഭാവനകൾക്ക് കൂടുതൽ അംഗീകാരം നൽകുകയും അവരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ മത്സ്യത്തൊഴിലാളി വനിതാ സംഗമത്തിന് കൊച്ചിയിലെ ഐ.സി.എ.ആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (ICAR-CIFT)-ൽ തുടക്കമായി.

സൊസൈറ്റി ഓഫ് ഫിഷറീസ് ടെക്‌നോളജിസ്റ്റ്സ് (ഇന്ത്യ) (SOFTI)യും ഐ.സി.എ.ആർ-സിഫ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സംഗമത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 60-ഓളം മത്സ്യത്തൊഴിലാളി വനിതകൾ പങ്കെടുക്കുന്നു. കേരളം, ലക്ഷദ്വീപ്, തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വനിതകളാണ് പങ്കെടുക്കുന്നത്.

ഐ.സി.എ.ആറിന്റെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ഫിഷറീസ് സയൻസ്) ഡോ. ബി. മീനാകുമാരി ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി. മത്സ്യമേഖലയിലും മത്സ്യകൃഷി മേഖലയിലും വനിതകൾ വഹിക്കുന്ന നിർണായക പങ്ക് ഡോ. മീനാകുമാരി ചൂണ്ടിക്കാട്ടി.

“മത്സ്യമേഖലയിൽ വനിതകളുടെ പങ്ക് വളരെ വലുതാണ്. മത്സ്യസംസ്കരണം, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം, വിപണനം തുടങ്ങിയ മേഖലകളിൽ അവർ ഗണ്യമായ സംഭാവന നൽകുന്നു. എന്നാൽ ഈ സംഭാവനകൾക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല. വനിതകൾക്ക് സാങ്കേതികവിദ്യ പരിശീലനം, വായ്പ, ധനസഹായം, സാമൂഹിക സുരക്ഷ എന്നിവ കൂടുതൽ ലഭ്യമാക്കണം. വനിതകളെ ഗുണഭോക്താക്കളായി മാത്രം കാണാതെ സംരംഭകരായും നൂതനാശയ പ്രവർത്തകരായും അംഗീകരിക്കണം. കൂടുതൽ സുസ്ഥിരമായ നീല സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ വനിതകൾക്ക് നിർണായക പങ്ക് വഹിക്കാനാകും സർക്കാർ പദ്ധതികളും മത്സ്യമേഖലാ പരിപാടികളും നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കൂടുതൽ വനിതകൾ മുന്നോട്ടുവരണം. ” ഡോ. ബി. മീനാകുമാരി പറഞ്ഞു.

മത്സ്യസംസ്കരണം, വിപണനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് പുറമെ കടൽപ്പായൽ കൃഷി, ട്രൗട്ട് മത്സ്യകൃഷി, ഉണക്കമത്സ്യ വിൽപ്പന തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ളവരും സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വനിതകൾ അവരുടെ അനുഭവങ്ങളും വിജയഗാഥകളും പങ്കുവെക്കും. ഡിജിറ്റൽ-സാമ്പത്തിക സാക്ഷരത, തൊഴിൽപരമായ ആരോഗ്യവും സുരക്ഷയും, കാലാവസ്ഥാ വിദ്യാഭ്യാസം, ദുരന്തസാഹചര്യങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പ് തുടങ്ങിയ വിഷയങ്ങളിൽ സെഷനുകളും പരിപാടിയുടെ ഭാഗമായി നടക്കും. കാർഷിക-ഭക്ഷ്യ സംവിധാനങ്ങളിൽ വനിതകൾ നൽകുന്ന സംഭാവനകൾക്ക് കൂടുതൽ അംഗീകാരം നൽകുന്നതിനുള്ള പ്രസക്തമായ അവസരമാണ് അന്താരാഷ്ട്ര വനിതാ കർഷക വർഷം.

ഐ.സി.എ.ആർ.-സിഫ്റ്റ് ഡയറക്ടറും സോഫ്റ്റി പ്രസിഡന്റുമായ ഡോ. ജോർജ് നൈനാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഐ.സി.എ.ആർ.-സിഫ്റ്റ് എക്സ്റ്റൻഷൻ, ഇൻഫർമേഷൻ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിവിഷൻ മേധാവിയും പരിപാടിയുടെ കൺവീനറുമായ ഡോ. നികിത ഗോപാൽ ചടങ്ങിൽ സംസാരിച്ചു. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് വിശിഷ്ടാതിഥിയായി. സിഫ്റ്റ് ശാസ്ത്രജ്ഞ ഡോ. സന്ധ്യ കെ. എം.യും ചടങ്ങിൽ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img